പുതിയൊരു തരം തട്ടിപ്പിനെക്കുറിച്ച് ജനങ്ങൾക്ക് മുന്നറിയിപ്പുമായി വാൻകൂവർ പൊലീസ്. പോലീസ് ഉദ്യോഗസ്ഥരെന്ന് ചമഞ്ഞ് തട്ടിപ്പ് നടത്തുന്നവരെക്കുറിച്ച് ജാഗ്രത പാലിക്കണമെന്നാണ് പൊലീസ് ജനങ്ങൾക്ക് മുന്നറിയിപ്പ് നല്കിയത്..
ബാങ്ക് കാർഡുകൾ ദുരുപയോഗം ചെയ്തിരിക്കുന്നു എന്ന് അറിയിച്ചു കൊണ്ടാണ് തട്ടിപ്പുകാർ ഇരകളെ ബന്ധപ്പെടുക. തുടർന്ന്, കാർഡുകൾ വീട്ടിലെത്തി ശേഖരിക്കുന്നതിനായി ഒരാൾ വരുമെന്നും അറിയിക്കും. കാർഡ് കൈമാറിക്കഴിയുമ്പോൾ, ഇരകളുടെ അക്കൗണ്ടുകളിൽ നിന്ന് പണം മോഷ്ടിക്കപ്പെടുകയാണ് ചെയ്യുക. അടുത്തിടെ നിരവധി ഇരകൾക്ക് ഈ തട്ടിപ്പിലൂടെ വലിയ തുക നഷ്ടപ്പെട്ടിട്ടുണ്ട്. വാൻകൂവറിൽ ഒരാൾക്ക്, മൂന്ന് ദിവസത്തിനുള്ളിൽ ബാങ്ക് അക്കൗണ്ടിൽ നിന്ന് 400,000 ഡോളറാണ് (ഏകദേശം 3.3 കോടിയിലധികം രൂപ) നഷ്ടപ്പെട്ടത്. ബാങ്കിന്റെ ഫ്രോഡ് ഡിപ്പാർട്ട്‌മെൻ്റിൽ നിന്നാണെന്ന് പരിചയപ്പെടുത്തിയാണ് ഒരാൾ ഇദ്ദേഹത്തെ ആദ്യം ബന്ധപ്പെട്ടത്. തുടർന്ന് പോലീസ് ചമഞ്ഞുള്ള കോളുകളും വന്നു.
തട്ടിപ്പുകൾ കൂടുതൽ വിശ്വസനീയമാക്കാൻ കുറ്റവാളികൾ ഡാർക്ക് വെബ്ബിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ ഉപയോഗിക്കുന്നു എന്നാണ് വിദഗ്ധർ പറയുന്നത്. പഴയ ഡാറ്റാ ചോർച്ചകളിൽ നിന്ന് ശേഖരിച്ച അക്കൗണ്ട് വിവരങ്ങളാണ് തട്ടിപ്പുകാർ പലപ്പോഴും ദുരുപയോഗം ചെയ്യുന്നത്. പോലീസോ ബാങ്കുകളോ നിങ്ങളുടെ ബാങ്ക് കാർഡ് ശേഖരിക്കുന്നതിനായി ഒരിക്കലും ഒരാളെ നിങ്ങളുടെ വീട്ടിലേക്ക് അയക്കില്ലെന്ന് VPD കോൺസ്റ്റബിൾ ടാനിയ വിസിൻ്റിൻ മുന്നറിയിപ്പ് നല്കി. സംശയാസ്പദമായ ഒരു കോൾ ലഭിക്കുകയാണെങ്കിൽ, ഉടൻ തന്നെ ഫോൺ കട്ട് ചെയ്ത് അക്കൗണ്ട് പരിശോധിക്കാൻ ബാങ്കുമായി നേരിട്ട് ബന്ധപ്പെടണമെന്നും അവർ അറിയിച്ചു